Feb 3, 2015

താങ്ങായി തണലായി പീലിക്കുടകള്‍ (ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)

രചന : ദിജിത്ത് പി. (VI G)
(കേരള സംസ്ഥാന നാളികേര വികസന ബോര്‍ഡും മാതൃഭൂമി വിദ്യയും ചേര്‍ന്ന് നടത്തിയ "എന്റെ നാട് എന്റെ തെങ്ങ്" -യു.പി. വിഭാഗം ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)

മാമലനാട്ടില്‍ നീളെ വിളങ്ങിടും
മരതകകാന്തിയായ് പീലിക്കുടകള്‍
കണ്ണിനു ഹൃദ്യമായ് കരളില്‍ കുളിര്‍മയായ്
എങ്ങും നിരന്നിടും കേര വൃക്ഷങ്ങള്‍

കേര നാമമായ് വാഴുന്നു നീളെ
കേരള നാടിന്‍ സ്വന്തമീ മരതകത്തോപ്പുകള്‍
മുത്തശ്ശി മുത്തശ്ശര്‍ നട്ടുനനച്ചതാം തൈകള്‍
നാളേക്ക് താങ്ങും തണലുമായ് വിളങ്ങിടാന്‍

അച്ഛനുമമ്മയും പകര്‍ന്നിടും ലാളന-
കളേറ്റു സമൃദ്ധിയായ് പരിലസിച്ചീടുന്നു.
ഞാനും ചേട്ടനും ചേച്ചിയുമതേറ്റു-
നല്കീടുന്നു നമ്മള്‍ തന്‍ കൂടപ്പിറപ്പുകളെന്നപോല്‍

ഒഴിവുദിനങ്ങള്‍ വിശ്രമ വേളകള്‍
കേരവൃക്ഷത്തണലില്‍ കൂട്ടരോടൊപ്പമായ്
തെങ്ങിനു ചുറ്റും വട്ടം കറങ്ങിയും, തെങ്ങോലത്തുമ്പത്ത്
ഊഞ്ഞാലാടിക്കളിച്ചും രസിച്ചും

പൈദാഹമേറിയും ക്ഷീണിതരായെത്തുന്ന-
ഏവര്‍ക്കും ദാഹവും വിശപ്പുമകറ്റുവാന്‍
മാധുര്യമേറും പോഷകമേറുന്ന
തണ്ണീര്‍ക്കുടവുമായ് എതിരേല്‍ക്കുമല്ലെ?

അമ്മയ്ക്കടുക്കളക്കറികള്‍ പലഹാരവിഭവങ്ങള്‍
ഒക്കെയും സ്വാദിലൊരുക്കീടുവാനായ്
തേങ്ങയില്ലാത്തൊരു കേരളവിഭവങ്ങള്‍
തെല്ലും സങ്കല്‍പ്പിച്ചീടുവാനൊക്കുമോ?

തേങ്ങയുണക്കി കൊപ്രയുണ്ടാക്കിയും
കൊപ്രയാട്ടി വെളിച്ചെണ്ണയാക്കിയും
ഭക്ഷ്യവിളയായ് നാണ്യവിളയായ്
നാടിനും വീടിനും അക്ഷയപാത്രമാണീ കല്പവൃക്ഷങ്ങള്‍

കല്ലിലും മുള്ളിലും അമ്മ വാണീടുമ്പോള്‍
കല്ല്യാണപ്പന്തലില്‍ മക്കള്‍ വസിച്ചിടുമെന്ന
കടങ്കഥച്ചൊല്‍ പൊരുളെന്നപോല്‍
ത്യാഗം ചൊരിയുമീ മരതകത്തോപ്പുകള്‍.

ഓല കൊതുമ്പുകള്‍ അടുപ്പില്‍ വിറകായി-
പൂക്കുല, തളിരോല അലങ്കാരച്ചമയമായ്
തെങ്ങിന്‍ തടികള്‍ കെട്ടിടമാക്കിയും
തെങ്ങിന്‍ തടിയാല്‍ വീട്ടുപകരണങ്ങളും.

കൂട്ടുകാരോടൊത്ത് ഓലപ്പന്തുണ്ടാക്കിയും
കണ്ണട, പീപ്പി, മോതിരം, വാച്ചുതുടങ്ങി
ഏറെ കൌതുക വസ്തുക്കള്‍ നിര്‍മ്മിച്ചും
ഒത്തുകളിച്ചു തിമിര്‍ത്തു രസിച്ചിടാം

തൊണ്ട് പിരിച്ച് ചകിരിയുണ്ടാക്കിയും
ചകിരിയാല്‍ കയറുകള്‍, ചൂടികള്‍, പായകള്‍
തൊഴിലേകി തണലേകി പോറ്റിവളര്‍ത്തിടും
മാമലനാട്ടിന്‍ ജനതയെയൊക്കെയും.

വീടിന്റെ നാടിന്റെ ദാരിദ്ര്യമകറ്റുവാന്‍
സമ്പല്‍ സമൃദ്ധിയൈശ്വര്യവുമേകിടാന്‍
താങ്ങും തണലുമായ് പരിലസിച്ചീടുന്നു
മാമലനാടുകള്‍ നിറയെ വിളങ്ങുന്നു

പറമ്പുകള്‍, കുന്നുകള്‍, താഴ്വരത്തോപ്പുകള്‍
കടലിന്റെ, ആറ്റിന്റെ തീരത്തു നീളെ
പച്ചവിരിച്ചിടും കുളിര്‍മചൊരിഞ്ഞിടും
ഏവര്‍ക്കും ആശ്രയവികല്പവൃക്ഷങ്ങള്‍.