Feb 25, 2016

സംസ്കാരസമ്പന്നമായ ഒരു സമൂഹമില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല – ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

കഥാകൃത്ത് ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നു. മുഖ്യപ്രഭാഷകന്‍ ശ്രീ.പെരുന്താറ്റില്‍ ഗോപാലനും വേദിയില്‍ സന്നിഹിതനാണ്.

സംസ്കാരസമ്പന്നമായ ഒരുസമൂഹമില്ലാതെ മനുഷ്യന് നിലനില്‍പ്പില്ലെന്നും നിഷേധങ്ങളി​ലൂ​ടെയും ചോദ്യങ്ങളിലൂടെയുമാണ് ലോകം സമസ്തമേഖലകളിലും വികാസം പ്രാപിച്ചതെന്നും പ്രശ​സ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔപചാരിക വിദ്യാഭ്യാ​സ​മി​ല്ലാത്ത കല്ലേന്‍ പൊക്കുടന്‍ എന്ന സാധു മനുഷ്യനാണ് സുനാ​മി ദുരന്ത​ശേഷം ലോകത്തിലെ ശാസ്ത്രജ്ഞരെ പ്രകൃതി​സത്യം എന്താണെന്ന് പഠിപ്പിച്ചത്. 9ാംതരത്തിലെ കുട്ടികള്‍ക്ക് പഠിക്കാ​നു​ള്ള "കാട്ടിലേക്കു പോക​ല്ലേ കുഞ്ഞേ" എന്ന കഥയുടെ ര​ച​യി​താ​വാണ് ശിഹാബുദ്ദീന്‍
എന്നാല്‍ ഇന്ന് എങ്ങനെയും കൂടുതല്‍ മാര്‍ക്ക് വാങ്ങുക എന്നതിനാണ് രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാഭ്യാസം എന്നാല്‍ കുട്ടിയിലെ ബഹുമുഖമായ കഴിവുകളുടെ വികാസമായി​രി​ക്ക​ണം. ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിലെ അവന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിക്ക​പ്പെ​ടണം. പ്രസ്തുത മേഖലകളില്‍ പതിറ്റാണ്ടുകളായി കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വെച്ചുപുലര്‍ത്തുന്ന മികവാണ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നതും പരശ്ശതം കുട്ടികള്‍ നല്ല വിദ്യാഭ്യാസത്തിനായി ഈ വിദ്യാലയത്തെ സമീപി​ക്കു​ന്നതും. മഹാകവി പിയുടെ കാല്പാടുകള്‍ പതിഞ്ഞ ഈ വിദ്യാലയത്തിലെ സാഹിത്യാനുഭവം എന്നെ അമ്പരപ്പിക്കുന്നു. ഭാവിയിലും അത് തുടര്‍ന്ന് കൊണ്ട്പോകാന്‍ ഈ വിദ്യാലയത്തിന് കഴിയട്ടെ.

ചടങ്ങില്‍ മിമിക്രി, മോണോ ആക്ട് ആര്‍ട്ടിസ്റ്റ് പെരുന്താറ്റില്‍ ഗോപാലന്‍ മുഖ്യപ്രഭാഷ​ണം നടത്തി. പിടിഎ പ്രസിഡണ്ട് കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ പ്രമീള, വിനീത്.ആര്‍, അനഘ കെ.കെ, സാന്ദ്ര ആനന്ദ്, പി.പി. റഫീഖ് അലി, വിരമിക്കുന്ന ഹെഡ്​മിസ്ട്രസ് കെ.എം.മീരാഭായ്, സി.കെ.ജീജ, പി.കെ പത്മജ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്​മിസ്ട്രസ് സി.പി.ചന്ദ്രിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.